2012, ഫെബ്രുവരി 27, തിങ്കളാഴ്‌ച

പ്രണയം

ആരും കാണാതെ തന്ന പുസ്തകം 
ഒരുപാടു തവണ വായിച്ചതും, 

മതില്‍ കെട്ടില്‍ നീ വരുന്നതും
 നോക്കിയോരുപാടിരുന്നതും 

നീ കേറുന്ന ബസ്സില്‍ സമയം തെറ്റ്യിട്ടും 
നിനക്കായ് കാത്തിരുന്നതും,

മൊബൈല്‍ ഫോണില്‍ പുലരുവോളം 
നിന്‍ മെസ്സേജും കാത്തിരുന്നതും,

നിന്‍ വീടിനരികിലൂടെ നിന്‍ മുഖമൊരു 
നോക്ക് കാണാനായി  നടന്നതും

എല്ലാം പ്രിയേ നെഞ്ചോടു 
ചേര്‍ക്കുന്നു ഞാന്‍, 
ഇതെല്ലാം നിന്നോടുള്ള പ്രണയം..

2011, ജൂൺ 7, ചൊവ്വാഴ്ച

ആര്‍ത്തിരമ്പുന്ന മഴയില്‍,
നേര്‍ത്ത നോമ്പരമായലിഞ്ഞു
ചേര്‍ന്നയോര്‍മ്മകള്‍,
ഓരോ പെരുമഴയിലും,
ഈറനണിയുന്നു..

2009, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഞാൻ ഭ്രാന്തി



മകനേ നീ ഈ നഗരത്തിന്റെ പുത്രൻ,
നിന്റെ അച്ഛനീ നഗരം,
പാതിയുണർന്നയെൻ കണ്ണിൽ, നടന്നകലുന്ന
കാലുകളുടെ മങ്ങിയ കോലം മാത്രം;
നീ ബീജമായെൻ നാഭിയിൽ
ഉയരവേ, നഗരമെനിക്കേകി
ഭ്രാന്തിയെന്ന പടചട്ട.
മകനേ, ഇതു നിൻ ജന്മ്സ്ഥലം,
നീ ജനിച്ചതീ അഴുക്കു ചാലിൻ മറവിൽ,
പ്രസവ നോവിൻ ആലസ്യത്തിൽ
കേൾപൂ ഞാൻ;
"ഭ്രാന്തിയൊരു പുത്രനു ജന്മം നൽകി"
മകനേ, ഭ്രാന്തി നിൻ കയ്‌ പൊള്ളിപ്പൂ
ഈ നഗരത്തിലിരക്കാനായ്‌,
നിൻ ഉദരം നിറക്കാനായ്‌;
മകനേ, ഇനി നീയും വിളിപ്പൂ,
ഭ്രാന്തിയെന്നു, അതു നഗരം
എനിക്കേകിയ പടചട്ട.

2009, മേയ് 5, ചൊവ്വാഴ്ച

....

ഒരു നാൾ നീ മറയും,
അവിടെ ആഞ്ഞടിച്ച കാറ്റു തീർത്ത
പ്രതിഫലനങ്ങളില്ല.
മുറിവേറ്റ ആനയുടെ മദമിളകിയ
പ്രതികാര ഭാവമില്ല.
മെല്ലെ, വെള്ളത്തിൽ പൂശിയ ചായം
പോലെ, മെല്ലെ അലിഞ്ഞില്ലാതാകും

2009, മാർച്ച് 17, ചൊവ്വാഴ്ച

നീ

വികാരങ്ങൾക്കു തീ കൊളുത്തി,
കത്തിയെരിഞ്ഞ ചാരം,
വാരിയെടുക്കവേ,
----
ചാരത്തിനു നിന്റെ ഗന്ധം.
സ്വപ്നത്തിനു തൂവൽ വച്ചു,
കാറ്റിന്റെ വഴിയേ പിന്തുടർന്നു,
വീണതു നിൻ കാൽക്കീഴിൽ.
----
നടന്ന വഴിയേ,
ഇനിയില്ലെന്ന ശപഥവുമായ്‌,
കണ്ണടച്ചു നടക്കവേ;
നിൻ ഓർമ്മകൾ വഴികാണിക്കുന്നു.

2009, ജനുവരി 1, വ്യാഴാഴ്‌ച

എന്റെ ഗ്രാമം.

ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെ
കൊച്ചു ഗ്രാമം
കുരുത്തോലകള്‍ വഴിതീര്‍ത്ത
തേനരുവികളും,

സൂര്യനെ തൊഴും
കതിര്‍തൂമ്പയും
പൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ച
പാടവരമ്പും,

വെള്ളകുടവുമായ്‌ ഒരു കൂട്ടം
ചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍
വാഴകൂട്ടവും,

ആകാശത്തോടു കഥപറയാന്‍
പാറകൂട്ടവും,
മഴവില്ലിനെ വരവേല്‍ക്കാന്‍
കുന്നിന്‍ ചെരിവും,

കാലങ്ങളറുത്തു മാറ്റിയ
നാടന്‍ മാവിന്‍ കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത
പീടികതിണ്ണയും

ഓര്‍മ്മയില്‍ കൂടു തീര്‍ത്തൊരുപറ്റം
സുഹൃത്ത്‌ കൂട്ടവും,
എന്തിനും സമ്പല്‍
സമൃദ്ധമീയെന്റെ ഗ്രാമം.

2008, ഡിസംബർ 22, തിങ്കളാഴ്‌ച

കുസൃതിയാം മഴ

ചാലില്‍ വെള്ളം
കുത്തിയൊഴുകുന്നു,
നനഞ്ഞ പുസ്തകം
മാറോടണച്ചു, വട്ടം
പിടിച്ച കുടയെ
കയ്യിലൊതുക്കുന്ന
പാവാടക്കാരി;
പാടത്തെ വരമ്പില്‍
തെറ്റി വീണു,
ഒലിച്ചു പോയ
പുസ്തകം,
വലിച്ചടുപ്പിക്കവേ;
കയ്യിലെ
കുടയുമൊഴുകുന്നൂ,
കോരിചൊരിയുന്ന
മഴക്കു കൂട്ടായ്‌;
ഒഴുകുന്നൂ, അവളുടെ
കണ്ണിലും പുഴ;
വാരിയെടുത്ത
പുസ്തകത്താളും,
പാവാടയും
കയ്യിലൊതുക്കി
നടക്കവേ, കുസൃതിയാം
മഴയുമൊതുങ്ങുന്നു.